...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2012 സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ആഘോഷങ്ങള്‍ വെറുമൊരു ആഘോഷമല്ല...

ആഘോഷങ്ങള്‍ വെറുമൊരു ആഘോഷമല്ല...

ഓണം - പെരുന്നാള്‍ ആഘോഷം വിദ്യാലയത്തില്‍.

റംസാന്‍ ആഘോഷം അതിന്റെ പരിസമാപ്തിയില്‍ എത്തുമ്പോഴാണ് മലയാളികളുടെ ആഘോഷമായ ഓണക്കാലം വന്നെത്തുന്നത്.  ദിനാചരണങ്ങളും  ആഘോഷങ്ങളും കുരുന്നുകള്‍ക്ക് മികച്ച അനുഭവമാക്കുന്നതിന് വിദ്യാലയം എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്. പി.ടി.എ യുടെ നേതൃത്വത്തില്‍ ഓണം - പെരുന്നാള്‍ ആഘോഷം സംഘടിപ്പിക്കാന്‍ വിദ്യാലയം തീരുമാനിച്ചപ്പോള്‍ അവ മികവുറ്റ രീതിയില്‍ ഒരുക്കുവാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും  സന്നദ്ധരായി.
ആഗസ്റ്റ്- വെള്ളിയാഴ്ച്ചയാണ് വിദ്യാലയത്തിലെ ഓണം പെരുന്നാള്‍ ആഘോഷം, പൂക്കളം ഒരുക്കല്‍, മൈലാഞ്ചി മത്സരം, ഉറിയടി തുടങ്ങിയ മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കി. പ്രീ-പ്രൈമറി മുതല്‍ 7-ാം തരം വരെയുള്ള കുരുന്നുകള്‍ പൂക്കളമൊരുക്കലീല്‍ സജീവമായി മനോഹരങ്ങളായ പൂക്കളം തീര്‍ക്കാന്‍ കുട്ടികള്‍ വാശിയോടെ മത്സരിച്ചു.

മൈലാഞ്ചി മൊഞ്ച് കുരുന്നുകൈകളില്‍ മനോഹരങ്ങളായ ഡിസൈനുകള്‍ ഒരുക്കി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയായിരുന്നു കുട്ടികള്‍. നിശ്ചിതസമയത്തിനുള്ളില്‍ നയന മനോഹരങ്ങളായ ചിത്രങ്ങള്‍ കൈകളില്‍ നിറഞ്ഞു.

ഉറിയടി മത്സരം ആണ്‍കുട്ടികള്‍ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്. കണ്ണുകെട്ടി മരകൊമ്പില്‍ കെട്ടിവെച്ചിരിക്കുന്ന മണ്‍കലം തല്ലിപൊട്ടിക്കാന്‍ കുരുന്നുകള്‍ ഏറെ പരിശ്രമിച്ചു. കാഴ്ചക്കാരെ നിര്‍ത്താതെ ചിരിപ്പിച്ചായിരുന്നു കലം പൊട്ടിക്കല്‍ മത്സരം അരങ്ങേറിയത്.

രുചിയുള്ള ആഹാരം...

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വാദിഷ്ടമായ ആഹാരം ഒരുക്കിയിരിക്കുന്നു. തേങ്ങച്ചോറും ഇറച്ചിക്കറിയും, പായസവും, സാലഡ് , അച്ചാര്‍ എന്നീ വിഭവങ്ങള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെടുന്നതായിരുന്നു. ആഹാരമൊരുക്കാന്‍ പി.ടി.എ ഭാരവാഹികളും നിരവധി രക്ഷിതാക്കളും വിദ്യാലയത്തില്‍ എത്തിയിരുന്നു. ആഹാരം തയ്യാറാക്കാനും വിതരണംചെയ്യാനുമൊക്കെ രക്ഷിതാക്കള്‍ ഏറെ ആവേശത്തോടെയാണ് പങ്കാളികളായത്.

വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ആഘോഷത്തിന്റെ ഒരുദിനം സമ്മാനിക്കുകമാത്രമായിരുന്നില്ല ഈ ദിനത്തില്‍ കുട്ടികള്‍ക്കൊരുക്കിയ ആഹാരത്തിന്റെ ഒരു പങ്ക് കാടിന്റെ മക്കള്‍ക്ക് നല്‍കാന്‍ സസന്തോഷം നാം തയ്യാറായി.
ചേനപ്പാടിയിലെ ഓണാഘോഷം...

വിദ്യാലയത്തിലെ ആഘോഷം അവസാനിച്ച് നൂറുപേര്‍ക്കുള്ള ആഹാരവും പൂക്കലുമൊക്കെയായി കുട്ടികളും അധ്യാപകരും, പി.ടി.എ അംഗങ്ങളും യാത്രതിരിച്ചത്. കാടിന്റെ മക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ ദുരിത ജീവിതം തള്ളിനീക്കുന്ന ചേനപ്പാടിക്കാരെ കുറിച്ച് മാധ്യമങ്ങളില്‍ വായിച്ച വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം ആദിവാസികളോട് കൂടിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉള്‍കാടിനോട് ചാര്‍ന്ന കോളനിയില്‍ സാഹസപ്പെട്ടാണ് കുട്ടികള്‍ എത്തിയത്. കോളനിയില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളം തീര്‍ത്ത ശേഷമാണ് ആദിവാസികള്‍ക്ക് ഓണ സദ്യ നല്‍കിയത്.

മൂപ്പനോടൊപ്പം...

നൂറ്റിയഞ്ച് വയസ് പൂര്‍ത്തിയായ മൂപ്പനായിരുന്നു ചേനപ്പാടിയില്‍ കുട്ടികള്‍ക്ക് കൗതുകമായത്. നല്ല കാഴ്ചശക്തി, ചെവികേള്‍ക്കാം, നടക്കാനും പ്രയാസമില്ല, കുട്ടികളോട് ഏറെനേരം സംസാരിക്കാന്‍ മൂപ്പന്‍ ആവേശമായിരുന്നു. തന്റെ ബാല്യം, വിവാഹം, കാടിന്റെ ദൈവം തുടങ്ങിയ കാര്യങ്ങള്‍ മൂപ്പന്‍ കുട്ടികളോട് പങ്കുവെച്ചു.
കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സജികുമാര്‍ രായിരോത്ത് ഓണാഘോഷം ഉത്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സി. ഷൗക്കത്തലി, പി.ടി.എ അംഗം നജീബ് ബാബു, അയ്യൂബ്, മാതൃഭൂമി ലേഖകന്‍ ശിഹാബുദ്ദീന്‍ കാളികാവ്, പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍, മനോരമ ലേഖകന്‍ അനന്തു കൃഷ്ണന്‍ അധ്യാപകരായ ബാബു ഫ്രാന്‍സിസ്, തേജസ് രവി, റസിയ സി.എച്ച്, രജീഷ്, മുരളീകൃഷ്ണന്‍, ജുവൈരിയ, ഷാക്കിറ എന്നിവര്‍ ചേനപ്പാടിയില്‍ എത്തി.

കാടിന്റെ മക്കളുടെ ജീവിതം നേരിട്ടറിയുന്നതിന് അതിന്റെ ഓര്‍മകള്‍ പ്രയാസങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം പകരാന്‍ ആയ സന്തോഷത്തിലാണ് ഞങ്ങള്‍ കോളനിയില്‍ നിന്ന് പടിയിറങ്ങിയത്.



























2012 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

നിയമ പാലകര്‍ക്ക് സ്നേഹപൂര്‍വ്വം.....

നിയമ പാലകര്‍ക്ക് സ്നേഹപൂര്‍വ്വം.....

പ്രിയപ്പെട്ട കാളികാവിലെ പോലീസുകാരെ,
ഞങ്ങളെ തേടി,ഞങ്ങളുടെ കുടുംബങ്ങളെ തേടി...
ലഹരി വസ്തുക്കളുമായി വന്ന്
നമ്മുടെ നാടിന്റെ സമാധാനം തകര്‍ക്കാന്‍
നോക്കിയ കുറ്റവാളികളെ പിടികൂടിയ നിങ്ങള്‍ക്ക്
ഞങ്ങളുടെ അഭിനന്ദനങ്ങള്‍.........
                               കാളികാവ് ബസാര്‍ സ്കൂളിലെ കുട്ടികള്‍.....
                 ജൂലൈ 25ന് രാവിലെ വന്‍ കഞ്ചാവ് വേട്ടയുടെ വാര്‍ത്തകേട്ടാണ് നാടുണര്‍ന്നത്. കാളികാവ്, കരുവാരകുണ്ട്, പുല്ലങ്കോട്, ചോക്കാട് പ്രദേശങ്ങളില്‍ വിറ്റഴിക്കാനായി എത്തിയ 16 കിലോ കഞ്ചാവാണ് കാളികാവ് പോലീസ് പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികളെയടക്കം ഈ റാക്കറ്റില്‍ കണ്ണികളാക്കി ഉപയോഗപ്പെടുത്തുകയാണിവര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു നാടിന്റെ യുവത്വത്തെ ലഹരിക്കടിമയാകാനുള്ള ശ്രമത്തെ ഇല്ലാതാക്കാന്‍ നമ്മുടെ പ്രദേശത്തെ നിയമപാലകര്‍ക്കായി...
ഈ സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വിദ്യാലയത്തിലെ കുരുന്നുകള്‍ (മാതൃഭൂമി, സീഡ് ക്ലബ്ബിലെ കുട്ടിപോലീസ്) കാളികാവ് പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തുകയും പോലീസ് സേനയെ അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്തത്. സീഡ്പോലീസ് ക്യാപ്റ്റന്‍ ആസിഫ്. ഇ എസ്. ഐ പി. രാധാകൃഷ്ണന് പൂച്ചെണ്ട് കൈമാറി. ദില്‍റൂബ. സി മിഠായിയും വിതരണം ചെയ്തു.

എസ്. ഐ പി. രാധാകൃഷ്ണനോടൊപ്പം എ.എസ്.ഐ ചാത്തുകുട്ടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, മോഹന്‍ദാസ്, കരീം, സിവില്‍ പോലീസ് ഓഫീസര്‍ ഷാഫി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു.

വളരെ നല്ല അനുഭവമാണ് ഈയൊരു സന്ദര്‍ശനത്തിലൂടെ കുട്ടികള്‍ക്ക് ലഭിച്ചത്. പോലീസ് സ്റ്റേഷനും അവിടുത്തെ പ്രവര്‍ത്തനങ്ങളും മനസ്സിലാകുന്നതിനൊടൊപ്പം 'സാമൂഹ്യ നന്മ' വളര്‍ത്തല്‍ നിയമപാലകര്‍ എത്രമാത്രം സഹായകമാണെന്ന് മനസ്സിലാക്കാനും സാധിച്ചു.

2012 ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

വീരജവാന് വിദ്യാലയത്തിന്റെ ആദരം

വീരജവാന് വിദ്യാലയത്തിന്റെ ആദരം...
കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ ജനതക്ക് മറക്കാനാകാത്തതാണ്. ഇന്ത്യയുടെ മണ്ണില്‍ പാക് അധീശ്വത്വത്തെ ചെറുത്ത് തോല്‍പ്പിച്ച് സ്വന്തം രാജ്യത്തിന്റെ വിജയത്തിനുവേണ്ടി പൊരുതി മരിച്ച ജവാന്‍മാരുടെ വീരസ്മരണ കൂടി ജൂലൈ 26ന് കാര്‍ഗില്‍ വിജയദിനാഘോഷം സംഘടിപ്പിക്കുമ്പോള്‍ നമ്മുക്കു മുന്നിലുണ്ടാകും.

നമ്മുടെ പ്രദേശത്തിനും, വിദ്യാലയത്തിനും ഓര്‍മകളില്‍ നിന്ന് മായ്ക്കാനാകാത്ത വേരാണ് വീര ജവാന്‍ അബ്ദുല്‍ നാസറുടേത്. 1999 ല്‍ കാര്‍ഗില്‍ മലനിരകളില്‍ ശത്രുപക്ഷത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വീരജവാന്‍ കാര്‍ഗില്‍ യുദ്ധവിജയത്തിന് 2 ദിവസം മുന്‍പാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ഈ സംഭവം.

1976ല്‍ പൂതോകോട്ടില്‍ മുഹമ്മദിന്റെയും ഫാത്തിമ സുഹ്റയുടെയും മകനായി ജനിച്ച അബ്ദുല്‍ നാസര്‍ കാളികാവ് ബസാര്‍ സ്കൂള്‍, CHS അടക്കാകുണ്ട്, മാര്‍ത്തോമ കോളേജ് ചുങ്കത്തറ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1997 ലാണ് ഇന്ത്യന്‍ മിലിട്ടറിയില്‍ RFN ക്ലാര്‍ക്കായി അബ്ദുല്‍ നാസര്‍ ജോലിയില്‍ പ്രവേശിച്ചത് 2വര്‍ഷങ്ങള്‍ക്ക് ശേഷം 1999 ല്‍ ആണ് നാസര്‍ കൊല്ലപ്പെട്ടത്.

13 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു ജൂലൈ 26 കടന്നുവരുമ്പോള്‍ കാര്‍ഗില്‍ വിജയത്തിന്റെയും വീരജവാന്‍ അബ്ദുള്‍ നാസറിന്റെ ജീവത്യാഗത്തിന്റെ ഓര്‍മകളും ഈ നാടിന്റെ മുന്നിലുണ്ടാവണം. ഈ സംഭവങ്ങളെ വിദ്യാര്‍ത്ഥികളിലൂടെ മുന്നില്‍ എത്തിക്കുന്നതിനും, ദേശസ്നേഹം വളര്‍ത്തുന്നതിന് സഹായകവുമായ തരത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ മാറ്റിയെടുക്കാനാണ് ഒരനുസ്മരണ പരിപാടി വിദ്യാലയം സംഘടിപ്പിച്ചത്.

അബ്ദൂല്‍ നാസറിന്റെ മാതാവ് ഫാത്തിമ സുഹ്റ വിദ്യാലയത്തിലെത്തുകയും പ്രത്യേകമായി തയ്യാറാക്കിയ അബ്ദൂല്‍ നാസര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. അധ്യാപകരും, വിദ്യാര്‍ത്ഥികളും വീരജവാന്റെ ഓര്‍മക്കു മുന്നില്‍ ഒരുപിടി പുഷ്പങ്ങള്‍ അര്‍പ്പിച്ചു.

ഹെഡ്മാസ്റ്റര്‍ എന്‍. ബി. സുരേഷ് കുമാര്‍ അബ്ദുല്‍ നാസര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി. എച്ച്. റസിയ, അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

ഈയൊരു ദിനം വിദ്യാലയത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ അഭിമാനം നല്‍കുന്നതായിരുന്നു. തന്റെ രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു ധീരന്‍ തങ്ങളുടെ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു... തങ്ങളുടെ സഹോദരനായിരുന്നു...

- ജയ് ഹിന്ദ് -


2012 ജൂലൈ 24, ചൊവ്വാഴ്ച

വിദ്യാലയം... പ്രവര്‍ത്തന നിരതം.


..

ജൂലൈ14
തുഞ്ചന്‍ പറമ്പില്‍ ഒരു വിദ്യാലയ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിന്റെ പ്രാധാന്യം

തുഞ്ചന്റെ മണ്ണില്‍.....
സാഹിത്യ ജാലകം മിഴിതുറക്കുമ്പോള്‍...

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മസ്ഥലമായ തിരൂര്‍ തുഞ്ചന്‍ പറമ്പിലേക്കൊരു യാത്ര.. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് 45 കുട്ടികളും 5 അധ്യാപകരുമടങ്ങുന്ന സംഘം ഭാഷാപിതാവിന്റെ ജന്മനാട്ടില്‍ എത്തിയത്. സംസ്ഥാന ക്യാമ്പുകള്‍ക്ക് വേദിയായത്.
തുഞ്ചന്‍ പറമ്പില്‍ ഒരു ദിനം...
രാവിലെ 11 മണിക്കാണ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സംഘമെത്തിയത്. കാഞ്ഞിരമരങ്ങള്‍ക്കിടയില്‍ പല ഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന കേരളീയ ശൈലിയില്‍ പണിത കെട്ടിടങ്ങള്‍, സ് മൃതി മണ്ഡപം, ശാരികവൈതല്‍, ക്ഷേത്രം, ക്ഷേത്രകുളം... എന്നിവ സന്ദര്‍ശിച്ച ശേഷം മലയാള സാഹിത്യ മ്യൂസിയത്തിലെ കാഴ്ചകളിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. കേരളീയ സാംസ്കാരികതനിമ വിളിച്ചോതുന്ന സ്വാഗത ഡോക്യുമെന്ററിക്ക് ശേ‍‍ഷം കേരളീയപൈതൃകം, കലകള്‍ (കൂത്ത്, കൂടിയാട്ടം, ഓട്ടന്‍ തുള്ളല്‍, കഥകളി തുടങ്ങിയവ) എന്നിവയുടെ ദൃശ്യങ്ങളും മലയാള സാഹിത്യരചനയുടെ തുടക്കം മണിപ്രവാള സാഹിത്യം മുതല്‍ ആധുനികതവരെ ഒരു കുടക്കീഴില്‍, എഴുത്തച്ഛന്‍ മുതലിങ്ങോട്ടുള്ള മലയാള സാഹിത്യ എഴുത്തുകാരുടെ നീണ്ടനിര, ജീവചരിത്ര കുറിപ്പുകള്‍ നമ്മെ സാഹിത്യ നക്ഷത്രങ്ങളെ പരിചയപ്പെടുത്തുന്നു. തുടര്‍ന്ന് 'നിള പറയുന്നു' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും കണ്ടു..
എഴുത്തിന്റെ ലോകം - സാഹിത്യ ക്യാമ്പ്...

സംസ്ഥാന തല സാഹിത്യ ക്യാമ്പുകള്‍ക്ക് വേദിയാകുന്ന തുഞ്ചന്‍ പറമ്പില്‍ സാഹിത്യ ക്യാമ്പ് കുട്ടികള്‍ക്കായി ഒരുക്കാനായി. 'എഴുത്തിന്റെ ലോകം' എന്നപേരില്‍ ഒരുക്കിയ ക്യാമ്പ് യൂറീക്ക സബ് എഡിറ്റര്‍ ഷീജടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം, സര്‍ഗാത്മകത രചനകള്‍ എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. വിദ്യാരംഗം കണ്‍വീനര്‍ അന്‍സഫ്, ആതിര എ.കെ. എന്നിവര്‍ ക്യാമ്പില്‍ പ്രസംഗിച്ചു.

ഈ ദിവസത്തെ പുണ്യം...
തുഞ്ചന്റെ മണ്ണില്‍ ഒത്തുകൂടിയപ്പോള്‍ ഒരിക്കലും സ്വപ്നംകാണാത്ത ഒന്നായിരുന്നു മലയാളത്തിന്റെ പ്രിയകഥാകരന്‍ എം.ടി. വാസുദേവന്‍ നായരെ നേരില്‍ കാണാന്‍ സാധിക്കുമെന്ന്. എം.ടി. യുടെ ജീവചരിത്ര ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി തുഞ്ചന്‍പറമ്പില്‍ എത്തിയ എം.ടി. യെ സന്ദര്‍ശിക്കുവാനും ആശിര്‍വാദം വാങ്ങുന്നതിനും കുട്ടികള്‍ക്കായി എം.ടി. യെ കൂടാതെ, മധുസൂദനന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, കെ. വി. രാമനുണ്ണി, കൂരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയ സാഹിത്യ പ്രതിഭകളെ നേരില്‍ കാണാനും കുട്ടികള്‍ക്കായി.




മുന്നൊരുക്കം.
'തുഞ്ചന്റെ മണ്ണിലേക്കൊരു യാത്ര' പ്രഖ്യാപിച്ചപ്പോള്‍ വിനോദത്തിലെ പഠനത്തിനാണല്ലോ പ്രാമുഖ്യം 'എഴുത്തച്ഛന്റെ ജീവചരിത്രം' കുറിപ്പ് തയ്യാറാക്കാന്‍ അവസരമൊരുക്കുകയായിരുന്നു ആദ്യം മികച്ച രീതിയില്‍ ജീവചരിത്രകുറിപ്പ് തയ്യാറാക്കിയ 45 പേര്‍ക്കാണ് അവസരം നല്‍കിയത്. തുഞ്ചന്‍പറമ്പിനെ കുറിച്ചും എഴുത്തച്ഛനെ കുറിച്ചും നല്ല ധാരണ കൈവരിക്കാന്‍ കുട്ടികള്‍ക്കായി. ഇത് സന്ദര്‍ശനത്തെ ഏറെ സഹായിക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം എന്നത് ഒരു ചടങ്ങ് മാത്രമല്ല... മികച്ച അനുഭവമാക്കി മാറ്റാന്‍ സാധിച്ചുവെന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ നേട്ടം. 
 
ജൂലൈ 05 ബഷീര്‍ ദിനം
ബഷീര്‍
മലയാളത്തിന്റെ സുല്‍ത്താന്‍...
ജൂലൈ 5 മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ്. വിദ്യാരംഗം - ഭാഷാ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് ബഷീര്‍ ദിനാചരണ പ്രവര്‍ത്തനം വിദ്യാലയത്തില്‍ ഒരുക്കിയത്.
ബഷീര്‍ - പൂസിതകങ്ങളിലൂടെ.....
ബഷീറിന്റെ എക്കാലത്തേയും മികച്ച രചനകളുടെ പരിചയപ്പെടുത്തലും പ്രദര്‍ശനവുമായിരുന്നു ഈ ഒരുക്കിയത്. പാത്തുമ്മയുടെ ആട്, ന്റെപൂപ്പാക്കൊരനാണ്ടാര്‍ന്നു, മുച്ചീട്ടുകളിക്കാരന്റെ ഭാര്യ... etc. ഓരോ ക്ലാസിലും ബഷീര്‍ എന്ന ഇതാഹാസ സാഹിത്യകാരനെ പരിചയപ്പെടുത്തുകയും വിവരശേഖരണത്തിന് അവസരമൊരുക്കുകയും ബഷീര്‍ കൃതികളെ ആസ്പതമാക്കി ക്വിസ് മത്സരവും ഒരുക്കി.
കഥാപാത്ര പുനഃസൃഷ്ടി...
ബഷീറിന്റെ ഏറ്റവും മികച്ച രചനകളിലൊന്നായ പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും, ആടും കഥാപാത്രങ്ങള്‍ പുനഃസൃഷ്ടിച്ചത് കുട്ടികള്‍ക്ക് പുതിയ അനുഭവപാഠമായിരുന്നു. 7 B ക്ലാസിലെ സഫ്ന. വി. വി. എന്ന വിദ്യാര്‍ത്ഥി പാത്തുമ്മയായി കുട്ടികളുടെ മുന്നിലെത്തി കൂടെ ആടും... ബഷീന്റെ വിശേഷങ്ങളും പാത്തുമ്മയുടെ ആടിലെ വിശേഷങ്ങളുമൊക്കെ കുട്ടികള്‍ക്ക് ചോദിക്കാനും അതിന്റെ മറുപടി പാത്തുമ്മയായി തന്നെ സഫ്ന പങ്കുവെക്കുകയും ചെയ്തു.
ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് കുട്ടികള്‍ക്ക് ഇതിലൂടെ സമ്മാനിച്ചത്.




ജൂലൈ -21
ചന്ദ്രദിനം
ജൂലൈ 21 ചന്ദ്രദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ വൈവിദ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളൊരുക്കി.
ചാര്‍ട്ട് മത്സരം.
ക്ലാസടിസ്ഥാനത്തില്‍ ചന്ദ്രനെകുറിച്ചു് ചാര്‍ട്ട് മത്സരം ഒരുക്കി. ചാര്‍ട്ട് പ്രദര്‍ശനവും ആകാശ കാഴ്ചകളും വിസ്മയങ്ങളും തീര്‍ക്കുന്ന ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും നടത്തി.
ഗ്രാന്റ് ക്വിസ്സ്
2 പേര്‍ വീതമുള്ള 15 ടീമുകള്‍ 5റൗണ്ടുകള്‍ ഓഡിയോ, വീഡിയോ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കിയ മെഗാ ഗ്രാന്റ് ക്വിസ്സ് വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായ ഒന്നായിരുന്നു.


വായനയൂടെ വസന്തം വിരിയട്ടെ...
വായനാദിനം,
വായനയുടെ മഹാത്മ്യം മലയാളിക്ക് പരിചയപ്പെടുത്തിയ ശ്രീ. വി. എന്‍. പണിക്കരുടെ ചരമദിനം.... കുഞ്ഞുമനസ്സുകളില്‍ വായനയുടെ പുതുലോകം തീര്‍ക്കുവാന്‍ സഹായകമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് വിദ്യാലയത്തിലിന്നൊരുക്കിയത്.
കുഞ്ഞുവായന -
വായനാകാര്‍ഡുകള്‍ ഒരുക്കി ലഖുവായനക്കുള്ള അവസരമായിരുന്നു ഒന്ന്, രണ്ട് ക്ലാസുകളില്‍ ഒരുക്കിയത്. ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും വായനക്കുള്ള അവസരവും നല്‍കി. ചിത്രകഥാപുസ്തകങ്ങള്‍ എല്ലാവര്‍ക്കും സമ്മാനമായി നല്‍കുകയും ചെയ്തു. ഓരോ ക്ലാസുകളിലും ആദ്യത്തെ പിരിയേഡ് വായനാദിനപ്രവര്‍ത്തനങ്ങളായി പുസ്തകപരിചയം, എഴുത്തുകാരെ പരിചയപ്പെടല്‍..... ജീവചരിത്രകുറിപ്പ്,... ആത്മകഥ,... ചരിത്രപുസ്തകങ്ങള്‍, യാത്രാവിവരണം തുടങ്ങി.... വിവിധ മേഖലകളിലെ പുസ്തകങ്ങള്‍ ക്ലാസുകളില്‍ പരിചയപ്പെടുത്തി....

വായനാമത്സരം
വായനാകാര്‍ഡ് നല്‍കി ഗ്രൂപ്പടിസ്ഥാനത്തില്‍ വ്യക്തിഗതവായനക്ക് അവസരം നല്‍കി. ഗ്രൂപ്പില്‍ നന്നായി വായിച്ചയാളുകളെ കണ്ടെത്തി ക്ലാസില്‍ വായനാമത്സരം നടത്തി.

പുസ്തക വിതരണം...

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും (ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസുവരെ) ഇഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് അവസരം നല്‍കി. ക്ലാസ് ലൈബ്രറി സംവിധാനം ഒരുക്കി.

വായനക്കൊരു റിയാലിറ്റി ഷോ....

ആരാണ് വിദ്യാലയത്തിലെ മികച്ച വായനക്കാരി 'വായനക്കാരന്‍....അതു കണ്ടുപിടിക്കാനാണ് വായനക്കൊരു റിയാലിറ്റി ഷോ …. ഒരുക്കുന്നത്. ക്ലാസടിസ്ഥാനത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് പൊതുവായി ഒരു മത്സരം ഒരുക്കുന്നു. പദ്യവായന, ഗദ്യവായന എന്നീ രണ്ട് ഘട്ടങ്ങളില്‍ മത്സരം പുരോഗമിച്ചു. വിജയിക്ക് സമ്മാനങ്ങളും നല്‍കുന്നു.

ക്ലാസ് ലൈബ്രറി

മുഴുവന്‍ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സംവിധാനം ഒരുക്കി. 24 കവിത, ആത്മകഥ, ബാലസാഹിത്യം തുടങ്ങി വിവിധ മേഖലകളിലായി 150ല്‍ പരം പുസ്തകങ്ങള്‍ നല്‍കി. ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം കാര്യക്ഷമമാക്കി മാറ്റി....

വായനയുടെ പുതു ലോകത്തേക്ക് കുട്ടികളെ കൂട്ടികൊണ്ട് പോകുന്ന തരത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഈ വായാനാവാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയം ഏറ്റെടുത്ത് നടത്തിയത്. ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല.....
 

2012 ജൂൺ 5, ചൊവ്വാഴ്ച

പ്രവേശനം ഉത്സവമാക്കി വിദ്യാലയം....





പ്രവേശനം ഉത്സവമാക്കി വിദ്യാലയം......




പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമായിരിക്കുന്നു. സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമപ്പുറത്ത് അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ പൊതുവിദ്യാലയത്തെ തേടിയെത്തുന്ന കുരുന്നുകള്‍ക്ക് മികച്ച അനുഭവമൊരുക്കാന്‍ വിദ്യാലയം നടത്തിയ മുന്നൊരുക്കങ്ങളാണ് ഈ പഠനവര്‍ഷത്തെ മികവുറ്റതാക്കുന്നത്.

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ വിദ്യാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കിയ ഡോക്ക്യുമെന്ററി സംസ്ഥാനത്തെ പ്രൈമറി സ്കൂള്‍ പ്രധാനഅധ്യാപകര്‍ക്കായുള്ള പരിശീലനപരിപാടിയില്‍ മാതൃകയായി അവതരിപ്പിക്കപ്പെട്ടുവെന്നത് വിദ്യാലയത്തിന് ഏറെ അഭിമാനം നല്‍കുന്നതാണ്.
 

 അടിസ്ഥാനസൗകര്യവികസനത്തിലും ശിശുസൗഹാര്‍ദ്ദ അന്തരീക്ഷം വിദ്യാലയത്തിലൊരുക്കുന്നതിലും സാമൂഹ്യപങ്കാളിത്തത്തോടെ നടപ്പിലാക്കിയപ്പോള്‍ വിദ്യാലയത്തിന്റെ മുഖഛായതന്നെ മാറിയിട്ടുണ്ട്. അതിനെ പൊതുസമൂഹം മനസ്സിലാക്കിയതിന്റെ തെളിവാണ് ഈ അധ്യയനവര്‍ഷം വിദ്യാലത്തിലേക്കെത്തിയ കുരുന്നുകളുടെ എണ്ണം കാണിക്കുന്നത്.


നൂറ് കടന്ന് :-


ഒന്നാം തരത്തിലേക്ക് 106കുട്ടികള്‍ പ്രവേശനം നേടിയപ്പോള്‍ അഞ്ചാം തരത്തില്‍ 55ഉം പ്രീ-പ്രൈമറിയില്‍ 75 പേരുമാണ് പുതിയതായി വിദ്യാലയത്തില്‍ പ്രവേശനം നേടിയത്. കൂടാതെ മറ്റുക്ലാസുകളിലായി 50ല്‍ പരം വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്. 275ല്‍ പരം വിദ്യാര്‍ത്ഥികള്‍ പുതിയതായി വിദ്യാലയത്തിലെത്തിയത് നമുക്കേറെ ആഹ്ലാദകരമാണ്....


 ജൂണ്‍ -04 വിദ്യാലയത്തിന്റെ ആദ്യ ദിനം കുട്ടികള്‍ക്ക് അവിസ്മരണീയമാക്കാവുന്ന തരത്തില്‍ ഒരുക്കുവാനാണ് തീരുമാനിച്ചത്. വിദ്യാലയം മനോഹരമായി അണിയിച്ചൊരുക്കി.. അക്ഷരകാര്‍ഡുകള്‍ വിദ്യാലയമുറ്റത്തെ ചുമരുകളിലും, മരങ്ങളിലും കളിയാടി നിന്നു...



ക്ലാസുമുറികളില്‍ തോരണങ്ങളും ബലൂണുകളും സ്ഥാപിച്ചു. അക്ഷരകാര്‍ഡുകള്‍ വഹിച്ച ഹൈഡ്രജന്‍ ബലൂണുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല വാനിലേക്ക് പറത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍.ബി. സുരേഷ്കുമാര്‍, പി.ടി.എ. പ്രസിഡന്റ് സി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.


നവാഗതര്‍ക്ക് ബലൂണുകള്‍ സമ്മാനമായി നല്‍കി. ക്ലാസ് മുറിയില്‍ എത്തിയകുട്ടികള്‍ക്ക് ആനിമേഷന്‍, സിഡി, സാരോപദേശകഥകള്‍ പ്രദര്‍ശനം നടത്തി...


കൂടുതല്‍ പ്രതീക്ഷകളുമായി പുതിയ അധ്യയന വര്‍ഷം കുരുന്നുകള്‍ക്ക് കൂടുതല്‍ അറിവുകളും, അവസരങ്ങളും നല്‍കുന്ന തരത്തില്‍ വിദ്യാലയ ദിനങ്ങളെ മാറ്റുവാനുള്ള ശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും
 ....







2012 മാർച്ച് 11, ഞായറാഴ്‌ച

പഠനം മധുരം - വിദ്യാലയ ഗുണമേന്മാപരിപാടി...


മലപ്പുറം ഡയറ്റ്
പഠനം മധുരം - വിദ്യാലയ ഗുണമേന്മാപരിപാടി...
മോഡല്‍ : ഗവ: യു.പി.എസ് കാളികാവ് ബസാര്‍

1915 ല്‍ ആരംഭിച്ച ഗവണ്‍മെന്റ് യു.പി സ്കൂള്‍ കാളികാവ് ബസാര്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടിസ്ഥാന -ഭൗതിക സൗകര്യ വികസനത്തിന് ഏറെ പ്രാധാന്യം നല്‍കിവരുന്നു. 2009 ല്‍ ആരംഭം കുറിച്ച 'പഠനം മധുരം' പദ്ധതിയുടെ ഭാഗമായി ‍ഡയറ്റ് നിര്‍ദ്ദേശിക്കപ്പെട്ട മുഴുവന്‍ മേഖലകളിലും വലിയ മുന്നേറ്റം കൈവരിക്കാന്‍ വിദ്യാലയത്തിനായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ വിദ്യാലയ കാമ്പസ് നയനമനോഹരമായി ഒരുക്കിയിട്ടുണ്ട്. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായ തരത്തിലാണ് ഒരുക്കിയത്.
പഠനം മധുരം

പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി 2010-11അധ്യയനവര്‍ഷം മലപ്പുറം ഡയറ്റ് ആവിഷ്കരിച്ചു നടപ്പാക്കിയ പരിപാടിയാണ് പഠനം മധുരം.
ഉദ്ദേശ്യങ്ങള്‍:-
  • സ്കൂളുകളിലെ ഭൗതികവും വൈകാരികവും അക്കാദമികവുമായ അവസ്ഥ മെച്ചപ്പെടുത്തി മികച്ച പഠനാന്തരീക്ഷം ഉള്ളതാക്കി മാറ്റുക.
  • ലാബ്, ലൈബ്രറി, ഐ.ടി സൗകര്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ പഠനത്തിനുപയോഗിക്കുന്നതിന് മാതൃകകള്‍ രൂപപ്പെടുത്തുക.
  • സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സമൂഹപങ്കാളിത്തം ഉറപ്പുവരുത്തുക.
  • സ്കൂള്‍കെട്ടിടവും സ്കൂള്‍ കാമ്പസും പഠനവസ്തുവാക്കി മാറ്റുക.
  • അധ്യാപകരെ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു പ്രാപ്തിയുള്ള പ്രൊഫഷണലുകളാക്കി മാറ്റുക.
  • പ്രാധാനാധ്യാപകരെ നേതൃപാടവമുള്ളവരാക്കി മാറ്റുക.
  • ശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുക.
  • ലൈബ്രറി ശാക്തീകരണം
  • വിവരവിനിമയവിദ്യയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക.
  • സ്കൂള്‍കാമ്പസ് മനോഹരമാക്കുക
  • എസ്.ആര്‍.ജി. ശക്തിപ്പെടുത്തുക
  • സാമുഹ്യപങ്കാളിത്തം ഉറപ്പാക്കല്‍
  • കലാകായികപ്രവൃത്തിപരിചയവിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍
  • വിലയിരുത്തല്‍, ഫലപ്രദമാക്കല്‍
  • ക്ലബ്ബുപ്രവര്‍ത്തനത്തില്‍ എല്ലാവര്‍ക്കും പങ്കാളിത്തം
  • ക്രിയാഗവേഷണം
    ഈ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട പരിപാടിയെ പഠനം മധുരം എന്നു വിളിച്ചു.
          സ്കൂളുകള്‍ സ്വയം ഏറ്റെടുത്തു നടത്തിയ പരിപാടിയാണ് പഠനം മധുരം. 10 ഗുണമേന്മാ പ്രവര്‍ത്തനങ്ങളില്‍ മൂന്നിനങ്ങള്‍ക്കു മാത്രമാണ് ഡയറ്റ് പരിശീലനം നല്‍കിയത്. ക്രിയാഗവേഷണം, വിവരവിനിമയവിദ്യ, ശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു അവ. മറ്റുപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് എച്ച്.എം., എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ എന്നിവരുടെ കൂടിച്ചേരലില്‍ വെച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുക മാത്രമാണ് ചെയ്ത് ത്. നമ്മുടെ സ്കൂള്‍ ഇവ ഏറ്റെടുക്കുകയും വന്‍വിജയമാക്കിത്തീര്‍ക്കുകയും ചെയ്തു. 
വിദ്യാലയ കാമ്പസ് മനോഹരമാക്കല്‍
     'പഠനം മധുരം' പ്രവര്‍ത്തനത്തിന്റെ വിദ്യാലയതല ഉദ്ഘാടനം ബഹു:മന്ത്രി.ശ്രീ.ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിച്ചു. 'സ്കൂള്‍കാമ്പസ് മനോഹരമാക്കല്‍' എന്ന മേഖലയാണ് കൂടുതല്‍ മികച്ച രീതിയില്‍ വിദ്യാലയം പൂര്‍ത്തീകരിച്ചത്. പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവ ഒരുക്കി.
പ്രവര്‍ത്തന ലക്ഷ്യങ്ങള്‍...
  • അടിസ്ഥാനസൗകര്യവികസനത്തിലൂന്നി വിദ്യാലയ കാമ്പസ് മനോഹരമായി മാറ്റിയെടുക്കല്‍
  • വിദ്യാലയ കെട്ടിടങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായതരത്തില്‍ കഥാചിത്രങ്ങളാല്‍ സമ്പന്നമാക്കല്‍
  • ആശയാധിഷ്ഠിത ക്ലാസ് മുറികള്‍ ഒരുക്കല്‍ (ചരിത്രം, കല, സാഹിത്യം.....etc)
  • ഓപ്പണ്‍ എയര്‍/പരിസ്ഥിതി സൗഹൃദക്ലാസുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക.
  • 'എന്റെ വിദ്യാലയം' 'സുന്ദര വിദ്യാലയം' പ്രോജക്ട്
പ്രവര്‍ത്തന പദ്ധതി
  • വിദ്യാലയകെട്ടിടം പഠനോപകരണമാക്കി മാറ്റുക.
  • മുഴുവന്‍ ചുമരുകളിലും കഥാചിത്രങ്ങള്‍, ലോകക്ലാസിക്കുകള്‍, കാര്‍ട്ടൂണുകള്‍, സന്ദേശചിത്രങ്ങള്‍ എന്നിവ ഒരുക്കുക.
  • ഓരോ ക്ലാസ്മുറിയും ഒരാശയം പ്രദാനം ചെയ്യുന്ന തരത്തില്‍ അവയെ ക്രമീകരിക്കുക.
  • വിദ്യാലയമുറ്റത്തെ മരങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും ഓപ്പണ്‍ എയര്‍ ക്ലാസ്മുറികള്‍ ഒരുക്കുന്നതിനും മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങള്‍ ഒരുക്കക.
വിദ്യാലയകെട്ടിടം പഠനോപകരണമാക്കി മാറ്റുക എന്നാശയത്തെ മുന്‍നിര്‍ത്തി വിദ്യാലയത്തിലെ മുഴുവന്‍ കെട്ടിടങ്ങളും, കഥാചിത്രങ്ങള്‍, ലോകക്ലാസിക്കുകള്‍, കാര്‍ട്ടൂണുകള്‍, സന്ദേശ ചിത്രങ്ങള്‍ എന്നിവ ഒരുക്കി ഓരോ ക്ലാസ്മുറിയും ഓരോ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചു. 12 ക്ലാസ്മുറികളും ഓഫീസും, കമ്പ്യൂട്ടര്‍ലാബ്, സയന്‍സ് ലാബ്, വരാന്ത എന്നിവ ടൈല്‍സ് വിരിച്ച് മനോഹരമാക്കി.

ചരിത്രവത്കരണം
  ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രം ആണ് ക്ലാസില്‍ അവതരിപ്പിച്ചത്. 1857 ലെ ഒന്നാം സ്വാതന്ത്സമരം മുതല്‍, ജാലിയന്‍വാലാബാഗ് കൂട്ടക്കൊല, വിദേശവസ്ത്ര ബഹിഷ്കരണം, ഉപ്പുസത്യാഗ്രഹം എന്നീ സമരങ്ങളുടെയും സ്വതന്ത്ര്യ സമരസേനാനികളുടെയും ചിത്രങ്ങളാണ് ഒരുക്കിയത്.

സാഹിത്യ ജാലകം
  മലയാളത്തിലെ ക്ലാസിക്കല്‍ രചനകളുടെ ചിത്രീകരണമാണ് ഒരുക്കിയത്. പാത്തുമ്മയുടെ ആട്, ചണ്ഡാലഭിക്ഷുകി, വാഴക്കുല, ഖസാക്കിന്റെ ഇതിഹാസം, മാമ്പഴം, എം. ടി കഥകള്‍ എന്നിവയാണ് ചിത്രങ്ങള്‍

ഭാഷാ ക്ലാസ്
  വിവിധ സന്ദര്‍ഭങ്ങളുടെ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി സംഭാഷണങ്ങള്‍ രചിക്കുന്നതിനും അവതരിപ്പിക്കുന്നതിനും സഹായിക്കുന്നു. മലയാളം, ഇംഗ്ലീഷം, അറബി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷാക്ലാസുകളില്‍ ഈ ചിത്രങ്ങളുടെ സഹായത്തോടെ ഭാഷണപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നു.

കലകളുടെ കളിത്തൊട്ടില്‍
  മലയാളത്തിലെ ക്ലാസിക്കല്‍ കലകളായ കഥകളി, നൃത്ത ഇനങ്ങളായ മോഹിനിയാട്ടം, ക്ഷേത്രകലകളായ ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, തെയ്യം, സംഘ ഇനങ്ങളായ തിരുവാതിരക്കളി, കോല്‍ക്കളി, മാര്‍ഗംകളി എന്നിവയുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയത്.

ഗ്രാമീണകാഴ്ചകള്‍..
  നാട്ടിന്‍പുറത്തെ കാഴ്ചകളാല്‍ സമ്പന്നമാണിവിടെ, ഐസ് വില്പനക്കാരന്‍, മീന്‍ പിടിക്കുന്ന കുട്ടികള്‍, കളിസ്ഥലം, വീട്, പോലീസ് സ്റ്റേഷന്‍, ആശുപത്രി, പോസ്റ്റ്മാന്‍ തുടങ്ങി ധാരാളം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പഴമയുടെ പകിട്ട്
  1970 ല്‍ ഒന്നാംക്ലാസിലെ പാഠപുസ്തകം അവയുടെ ഓര്‍മപ്പെടുത്തലുകളാണ് ഈ കെട്ടിടത്തില്‍. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്പിളിമാമന്‍, ബാപ്പു തുടങ്ങി നിരവധി പാഠഭാഗങ്ങളും പ്രവര്‍ത്തനങ്ങളും ഒരുക്കി. പൊതുവിദ്യാഭ്യാസ ചരിത്രത്തിലെ മികച്ച ശേഖരണമായി ഇവയെ മാറ്റാനായി. ഇന്നലെകളില്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം അറിഞ്ഞവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി ഇതുമാറും.

ഓപ്പണ്‍ എയര്‍ ക്ലാസ്റും...
  മരസംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയ മുറ്റത്തെ മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങള്‍ ഒരുക്കി. വിദ്യാലയമുറ്റത്ത് മരച്ചുവട്ടില്‍ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ക്ലാസ് ഒരുക്കുവാനുള്ള സൗകര്യങ്ങളാണ് ഒരുക്കീട്ടുള്ളത്. കൂടാതെ ക്യാമ്പുകള്‍, സെമിനാറുകള്‍, ചര്‍ച്ചാക്ലാസുകള്‍ എന്നിവ ഒരുക്കുന്നതിനും ഇവ ഏറെ സഹായിക്കുന്നു.

പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഔഷധതോട്ടം
  കടുത്ത വേനലിലും വിദ്യാലയമുറ്റത്തെ ചെടികളെ സംരക്ഷിക്കുന്നതിന്റെ തിരക്കിലാണ് കുട്ടികള്‍ 30 ല്‍ അധികം ചെടിച്ചട്ടികളാണ് വരാന്തയ്ക്ക് സമീപം ക്രമീകരിച്ചിരിക്കുന്നത്.
കാര്‍ഷിക രംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരിക്കുന്നു. 20സെന്റ് സ്ഥലത്ത് വെണ്ട, പയര്‍, വഴുതന, കോളിഫ്ലവര്‍, കാബേജ് എന്നിവ കൃഷിചെയ്തു.

മികവുകള്‍
  'പഠനം മധുരം' പദ്ധതിയുടെ ഭാഗമായി വിദ്യാലയം ഒരുക്കിയ പ്രവര്‍ത്തനങ്ങളാണ്കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ 'മികവ് ' തെളിയിക്കുന്നതിന് വിദ്യാലയത്തെ സഹായിച്ചത്.
ഈ വര്‍ഷം സംസ്ഥാനഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ മികച്ച പി.ടി.എ അവാര്‍ഡില്‍ ജില്ലയില്‍ രണ്ടാംസ്ഥാനവും ഉപജില്ലാ തലത്തില്‍ ഒന്നാംസ്ഥാനവും നേടാനായി.
ഉണര്‍വ്വിലേക്ക്...
  മലയോരമേഖലയായ കാളികാവിലെ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഈ പൊതുവിദ്യാലയത്തിന്റെ ഉണര്‍വ്വ് സമൂഹം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. വിദ്യാലയത്തിലെത്തുന്നവര്‍ക്ക് കൗതുകവും വിസ്മയവും ഒരുക്കുന്ന തരത്തില്‍ വിദ്യാലയത്തെ മനോഹരമാക്കി മാറ്റാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.